ലോക്‌സഭയിലെ ബഹളം: കേരള എംപിമാരടക്കം ഏഴ് പേർക്ക് സസ്‌പെന്‍ഷന്‍

ന്യൂഡൽഹി: ലോക്സഭയിലെ ബഹളമുണ്ടാക്കിയതിന് കേരളത്തിൽ നിന്നുള്ള നാല് എം പിമാരടക്കം ഏഴു കോൺഗ്രസ് എംപിമാർക്ക് സസ്പെൻഷൻ. എംപിമാരായ ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോർ, ഗുർജീത് സിങ് ഔജ്ല എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ശേഷിക്കുന്ന സമ്മേളന കാലയളവിലേയ്ക്കാണ് സസ്പെൻഷൻ.

ഡൽഹി കലാപം തടയുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭയിൽ പ്രതിഷേധമുയർത്തിയിരുന്നു. ഇതിൽ സർക്കാരിന്റെ മൗനത്തിനെതിരേ പ്രതിപക്ഷ എംപിമാർ ലോക്സഭയുടെ നടുത്തളത്തിലിറങ്ങുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകുയം സ്പീക്കർക്കു നേരെ പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തിരുന്നു.കഴിഞ്ഞനാലു ദിവസങ്ങളായി പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.
സഭയിൽ ബഹളമുണ്ടാക്കിയവർക്കെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചിരുന്നു.സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം പാസ്സായതിനെ തുടർന്ന് സഭയ്ക്ക് പുറത്തു പോകാൻ സ്പീക്കർ ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം ബഹളം വച്ചതിനാൽ സഭ ഇന്നത്തയേ്ക്ക് നിർത്തിവെച്ചു. ഗവൺമെന്റ് നടപടി ഏകപക്ഷീയമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.