മിന്നൽ സമരം:യൂണിയനുകൾ വിരട്ടി; സർക്കാർ നടപടിയെടുക്കില്ല

തിരുവനന്തപുരം: മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരേ എസ്മ പ്രകാരം നടപടിയെടുത്താൽ പണിമുടക്കുമെന്ന യൂണിയനുകളുടെ ഭീഷണിക്കു മുന്നിൽ മന്ത്രിയും സർക്കാരും മുട്ടുമടക്കി.
മിന്നൽ പണിമുടക്കുമായി ബന്ധപ്പെട്ട് ബസുകൾ റോഡിൽ നിർത്തിയിട്ടത് തെറ്റാണെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ എസ്മ പ്രയോഗിക്കണമെന്നും കളക്ടർ റിപ്പോർട്ടിൽ ശുപാർശ ചെയ്തതായാണ് സൂചന.എന്നാൽ കെ.എസ്.ആർ.ടിസി ജീവനക്കാർക്കെതിരെ നടപടിയെടുത്താൽ പണിമുടക്ക് നടത്തുമെന്ന ഭീഷണിയാണ് തൊഴിലാളി യൂണിയനുകൾ ഉയർത്തിയിരിക്കുന്നത്. എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്കുമെന്ന് ഭീഷണി മുഴക്കിയത്.സംഗതി കൈവിട്ടു പോകുമെന്ന് മനസിലാക്കിയ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ നടപടിയുണ്ടാകൂ എന്ന് വ്യക്തമാക്കി തടിതപ്പി. കുറ്റക്കാർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുമ്പ് പറഞ്ഞിരുന്ന മന്ത്രി നിയമസഭയിലാണ് നിലപാടിൽ നിന്ന് പിന്നോക്കം പോയത്.
മിന്നൽ പണിമുടക്കുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേരാനിരിക്കെയാണ് പുതിയ വഴിത്തിരിവ്. കളക്ടർ പ്രാഥമീക റിപ്പോർട്ട് സമർപ്പിച്ചതായാണ് മന്ത്രി പറഞ്ഞത്. അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.എന്നാൽ കളക്ടറുടെതല്ലാത്ത മറ്റൊരു വിശദമായ അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടില്ല.
സമയം തെറ്റിച്ച് വന്ന സ്വകാര്യ ബസാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നാണ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. ബസുകൾ റോഡിൽ നിർത്തിയിട്ടത് തെറ്റാണെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ എസ്മ പ്രയോഗിക്കണമെന്നും കളക്ടർ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.
മിന്നൽ പണിമുടക്കിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ വലിയ പ്രതിസന്ധിയാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന് ഉണ്ടാക്കിയിരിക്കുന്നത്. സ്വകാര്യബസ് സമയം തെറ്റിച്ച് ഓടിയതു അധികൃതർ പിടികൂടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സ്വകാര്യ ബസിന്റെ നടപടി കെ.എസ്.ആർ.ടി.സി ജീവനക്കാർ ചോദ്യം ചെയ്യുകയും അത് സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരെ കസ്റ്റഡിയിലെടുത്തതോടെ മിന്നൽ പണിമുടക്കായി. തുടർന്നുണ്ടായ ഗതാഗതകുരുക്കിലാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ ഒരാൾ മരിക്കാനിടയായതും.
പണിമുടക്ക് നഗരത്തെ ശ്വാസം മുട്ടിക്കുന്ന രീതിയിലേക്ക് മാറിയതാണ് വ കെ.എസ്.ആർ.ടി.സിയെ പ്രതിരോധത്തിലാക്കിയത്.ഇ തെക്കുറിച്ച് പഠിക്കാനാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തെളിവെടുപ്പും അന്വേഷണവും നടന്നത്. ഒരേ സമയം തൊഴിലാളികളെയും നഗരവാസികളെയും അനുകൂലിക്കുന്ന നിലപാടാണ് ഏവരും സ്വീകരിച്ചത്. വിമർശനത്തിന്റെ ദിശമാറിയപ്പോഴാണ് മന്ത്രിയടക്കം തൊഴിലാളികൾക്ക് എതിരേ തിരിഞ്ഞത്.
എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള ഏകപക്ഷീയമായ റിപ്പോർട്ടാണ് കളക്ടർ തയ്യാറാക്കിയതെന്നാണ് കെ.എസ്.ആർ.ടി.സി യൂണിയൻ നേതാക്കൾ പറയുന്നത്. ഏകപക്ഷീയമായ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്.
എന്തായാലും തൽക്കാലത്തെ രോക്ഷം കെട്ടടങ്ങും വരെ ചെറിയ നടപടി എന്നല്ലാതെ അതിനപ്പുറം ഒന്നുമുണ്ടാകില്ലെന്ന് പൊതുവെ അഭിപ്രായമുണ്ട്.