മുഖം മിനുക്കി;ആഗ്ര ഉത്സവ ലഹരിയിൽ

ആഗ്ര: അഴുക്കു നിറഞ്ഞ വിനോദസഞ്ചാരമെന്ന് അറിയപ്പെട്ടിരുന്ന ആഗ്ര മുഖം മിനുക്കി സുന്ദരിയായി. അതിഥിയെ സ്വീകരിക്കാൻ നഗരമൊരുങ്ങി.നഗരവാസികളും .എങ്ങും ഉത്സവലഹരി. ഒരു വലിയ മേള തുടങ്ങുന്ന പ്രതീതി.

നാളെ താജ്മഹൽ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റിനും പ്രഥമ വനിത മെലാനിയ ട്രംപിനുമായാണ് ആഗ്രയുടെ മാറ്റങ്ങൾ. ഗംഭീര സ്വീകരണമാണ് ആഗ്രയിൽ ഒരുക്കുന്നത്. വിമാനത്താവളം മുതൽ അമർ വിലാസ് കൊട്ടാരം വരെ പത്തുകിലോമീറ്റർ റോഡ് ഒരു ദിവസം കൊണ്ട് ഒക്കെ മാറിപ്പോയി. നഗരം കണ്ണടച്ചു തുറന്നപ്പോൾ ഹരിതാഭമായി. യോഗി ആദിത്യനാഥ് സർക്കാർ 16,000ത്തോളം ചെടികളാണ് റോഡരികിൽ നിരത്തിയത്.

അഹമ്മദാബാദിൽ നമസ്തേ ട്രംപ് ആണെങ്കിൽ ആഗ്രയിൽ രാജകീയ വരവേൽപാണ്.

ട്രംപ് കടന്നുപോകുമ്പോൾ റോഡിന്റെ ഇരുവശത്തും ഇന്ത്യൻ-അമേരിക്കൻ പതാകകളേന്തി കുട്ടികൾ അണിനിരക്കും. വഴിയരുകിൽ 21 നൃത്തസംഘങ്ങൾ വേറെയും. ഉത്തർപ്രദേശിന്റെ സാംസ്കാരിക പാരമ്പര്യം നൃത്തരൂപങ്ങളിലൂടെ ഇവർ അവതരിപ്പിക്കും. 8മിനിട്ട് നീളുന്ന യാത്ര ഏറെ വർണാഭമാകും.

നഗരത്തിൽ അലഞ്ഞു നടന്ന പശുക്കളെയെല്ലാം ഗോശാലകളിലേക്ക് മാറ്റി. തെരുവുനായ്ക്കളെയും തുരത്തി. ശല്യക്കാരായ കുരങ്ങൻമാരെ തടയുന്നതിന് 125 പോലീസുകാരും ഡ്യൂട്ടിയിലുണ്ട്. ഇവറ്റകളെ ഭയപ്പെടുത്താൻ അഞ്ച് ഹനുമാൻ കുരങ്ങുകളും നിരന്നിട്ടുണ്ട്.

മാലിന്യത്താൽ ദുർഗന്ധം വമിച്ചിരുന്ന യമുനയും മാലിന്യ വിമുക്തമായിക്കഴിഞ്ഞു.

ടാജിന് 500 മീറ്റർ സമീപത്ത് പെട്രോൾ,ഡീസൽ വാഹനങ്ങൾ അനുവദിക്കരുതെന്ന സുപ്രീംകോടതിയുടെ നിർദേശം ട്രംപിനും ബാധകമായിരിക്കും.ബീസ്റ്റി’നെ 500 മീറ്റർ അകലെ നിർത്തും. പിന്നീട് ഇലക്ട്രിക് ബസിലായിരിക്കും ട്രംപ് ടാജ് സന്ദർശിക്കുക. രണ്ടു മണിക്കൂർ നീളുന്ന സന്ദർശനം ദൂരദർശൻ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.