ന്യൂഡല്ഹി: കഴിഞ്ഞ വർഷം നടന്ന ലോക്സഭാ ഇലക്ഷന്റെ വോട്ടർപട്ടിക തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വിജ്ഞാപനം റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരേയാണ് അപ്പീൽ.
പുതിയ വോട്ടർപട്ടിക നിലവിലുണ്ടായിട്ടും പഴയ വോട്ടർപട്ടിക അടിസ്ഥാനമാക്കി ഇലക്ഷൻ നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വിജ്ഞാപനം ചോദ്യംചെയ്തു നൽകിയ ഹർജി നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേ ഹർജിക്കാർ നൽകിയ അപ്പീൽ അനുവദിമായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടിക 2020 ഫെബ്രുവരി ഏഴിന് പുതുക്കിയിരുന്നു. ഈ പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ വിജ്ഞാപനമിറക്കണമെന്നും വിധിയിൽ പറയുന്നു.
2015 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ വോട്ടർപട്ടിക തയാറാക്കിയശേഷം നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും നടന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പുതുക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ ഈ പട്ടിക അടിസ്ഥാനമാക്കിയാൽ ഇപ്പോൾ യോഗ്യത നേടിയവരുടെ പേരുകൾ മാത്രം വോട്ടർപട്ടികയിൽ ചേർത്താൽ മതിയെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പഴയ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാൽ നിയമസഭാ തെരഞ്ഞെടുപ്പിനും ലോക്സഭാ തെരഞ്ഞെടുപ്പിനും വോട്ടർ പട്ടികയിൽ പേരു ചേർത്തവർക്ക് വീണ്ടും പേരു ചേർക്കേണ്ട സ്ഥിതി വരുമെന്നും ഇതു വോട്ടർമാരെ ബുദ്ധിമുട്ടിലാക്കുമെന്നും ഹർജിക്കാർ വാദിച്ചു.