ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ മുസ്ലിം സംഘടനകളുടെ നേത്യത്വത്തിൽ തമിഴ്നാട് സെക്രട്ടേറിയറ്റിലേക്ക് പടുകൂറ്റൻ മാർച്ച്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.പ്രകടനക്കാർ സെക്രട്ടറിയേറ്റും കളക്ട്രേറ്റും മണിക്കൂറുകൾ വളഞ്ഞു. കനത്ത പോലീസ് നിയന്ത്രണത്തിലാണ് ചെന്നൈ നഗരം.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് നിയമസഭ സ്ഥിതിചെയ്യുന്ന സെന്റ് ജോർജ് ഫോർട്ടിലേക്ക് പ്രതിഷേധമാർച്ച് നടന്നത്.
സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തരുതെന്ന് കോടതി സമരക്കാരോട് നിർദേശിച്ചിരുന്നു. സമാധാനപരമായാണ് മാർച്ചെന്നും സെക്രട്ടറിയേറ്റിൽ പ്രവേശിക്കില്ലെന്നും സമരക്കാർ കോടതിയെ അറിയിച്ചിരുന്നു.
എ ഐ ഡിഎംകെ സർക്കാർ പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കില്ലെന്ന നിലപാടിലാണ്. ഡിഎംകെയാകട്ടെ നിയമസഭയിൽ ബില്ലിനെതിരേ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നെങ്കിലും സ്പീക്കർ ധനപാലൻ അനുമതി നിഷേധിച്ചിരുന്നു.
കോയമ്പത്തൂർ കളക്ട്രേറ്റിലേക്കും തൂത്തുക്കുടി കളക്ട്രേറ്റിലേക്കും മാർച്ച് നടക്കുന്നുണ്ട്.