ലക്ഷദ്വീപില്‍ 4.26 കോടിയുടെ കടല്‍വെള്ളരി വേട്ട

കൊച്ചി: ലക്ഷദ്വീപിലെ സുഹേലിയിൽ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം 852 കിലോ ഗ്രാം തൂക്കംവരുന്ന 4.26 കോടി രൂപയുടെ കടൽ വെള്ളരി പിടികൂടി.തമിഴ്നാട്ടിൽ രജ്സ്റ്റർ ചെയ്ത മത്സ്യബന്ധന ബോട്ടിൽ വിദേശത്തേയ്ക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് 1,716 കടൽവെള്ളരികൾ പിടികൂടിയത്.ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ കടൽവെള്ളരി വേട്ടയാണിതെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അറിയിച്ചു.
പ്രാദേശികമായി കടൽവെള്ളരിക്ക് കിലോയ്ക്ക് 50000 രൂപ വരെ വിലയുണ്ട്.ദൗത്യ സംഘം ഇന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള കടൽവെള്ളരി കടത്ത് കണ്ടെത്തിയത്.
സമുദ്ര ജീവിയായ കടൽവെള്ളരികളുടെ സംരക്ഷണത്തിനായി ലക്ഷദ്വീപ് അടുത്തിടെയാണ് പ്രത്യേക ദൗത്യസംഘം (SCPTF) രൂപീകരിച്ചത്.
ആന്തരികാവയവങ്ങൾ നീക്കംചെയ്ത് പ്രിസർവേറ്റീവുകൾ ചേർത്ത് വലിയ കണ്ടെയ്നറുകളിൽ നിറച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ശ്രീലങ്ക, ചൈന എന്നിവയ്ക്ക് പുറമേ ഏഷ്യൻ രാജ്യങ്ങളിലേയ്ക്കും കയറ്റിയയ്ക്കാനായിരുന്നു തയ്യാറാക്കിയിരുന്നതെന്ന് ചീഫ് വൈൽഡ്ലൈഫ് വാർഡൻ എ ടി ദാമോദർ പറഞ്ഞു.ചൂണ്ടകൾ, ചാട്ടുളി, കത്തികൾ, വലകൾ, 200 ലിറ്റർ മണ്ണെണ്ണ, ജിപിഎസ് സംവിധാനം തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.
കടുവ, പുലി, ആന എന്നിവയെപ്പോല വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെട്ട ജീവിയാണ് കടൽ വെള്ളരി. ഇവയെ വേട്ടയാടുന്നതും പിടിക്കുന്നതും ഇന്ത്യയിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്. ഈ ജീവിയെ കച്ചവടം ചെയ്യുന്നതോ കച്ചവടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതോ അന്താരാഷ്ട്ര ഉടമ്പടിപ്രകാരം കുറ്റകരവുമാണ്.
ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിൽനിന്ന് അറുപത് കിലോമീറ്റർ ദൂരെയാണ് ജനവാസമില്ലാത്ത സുഹേലിദ്വീപ്.
വ്യാപകമായി അനധികൃത വ്യാപാരം നടക്കുന്നുണ്ടെന്ന കാര്യം മറ്റു രാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി പർപ്പിൾ നോട്ടീസ് പുറത്തിറക്കാൻ ഇന്റർപോളിനോട് ആവശ്യപ്പെടുമെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ വ്യക്തമാക്കി.
സമുദ്ര ജീവിയാണ് കടൽ വെള്ളരി (sea cucumber). നീളമുള്ള വെള്ളരിയുടെ ആകൃതിയാണ് ഇവയ്ക്ക്. കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളിലും മഞ്ഞവരകളോടെയുമെല്ലാം കാണുന്ന ഇവ രണ്ടു മീറ്റർ വരെ ഇവ നീളംവെക്കും. മൃദുവായ കുഴലുപോലെയുള്ള ശരീരം ഭക്ഷ്യാവശ്യത്തിനും ഔഷധമായുമെല്ലാമാണ് ഉപയോഗിക്കുന്നത്. തെക്കുകിഴക്ക് ഏഷ്യ, ചൈന എന്നിവിടങ്ങളിൽ സൂപ്പുണ്ടാക്കാൻ ഉപയോഗിക്കുന്ന ഇവയ്ക്ക് അവിടെ വലിയ ഡിമാന്റാണുള്ളത്.
ഇന്ത്യയിൽ ആന്തമാൻ-നിക്കോബാർ ദ്വീപുകളിലാണ് കടൽവെള്ളരിയുടെ വൈവിധ്യങ്ങൾ ഏറെയുള്ളത്.