കണ്ണൂരില്‍ പൗരത്വ പ്രതിഷേധ മാര്‍ച്ച് പട്ടാളം തടഞ്ഞു

കണ്ണൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരേ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ കണ്ണൂരിൽ പട്ടാനടന്ന മാർച്ച് പട്ടാളം തടഞ്ഞു.
സെന്റ് മൈക്കിൾസ് സ്കൂളിന് പരിസരത്തുള്ള മൈതാനത്ത് നിന്ന് മാർച്ച് തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡി.എസ്.സി.(ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്)യുടെ അധീനതയിലുള്ള ഇവിടെ നിന്ന് മാർച്ച് അനുവദിക്കില്ലെന്ന് പട്ടാളം പ്രകടനക്കാരെ അറിയിച്ചു..

തുടർന്ന് ആയുധധാരികളായ പട്ടാളക്കാർ സ്ഥലത്ത് അണിനിരന്നു.ഇവർ പ്രകടനക്കാരെ തിരിച്ചയച്ചു. പ്രതിഷേധക്കാർ പ്രകടനം ആരംഭിക്കാനുള്ള സ്ഥലം കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്തേക്ക് മാറ്റി.
സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്തുനിന്നാണ് വർഷങ്ങളായി നഗരത്തിലേക്കുള്ള പരിപാടികൾ തുടങ്ങിയിരുന്നത്. അന്യർക്ക് പ്രവേശനവും പാർക്കിംഗും ഇവിടെ നേരത്തെയും തടഞ്ഞ് പട്ടാളം ബോർഡ് വച്ചിരുന്നെങ്കിലും ആരും അത് ഗൗരവമായി കണ്ടിരുന്നില്ല. എന്നാൽ ഇന്ന് മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തിയപ്പോഴാണ് പട്ടാളം അണിനിരന്ന് പ്രവേശനം തടഞ്ഞത്. ഇനി മുതൽ ഇവിടെ യാതൊരു പരിപാടിയും അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.