രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടം വരുത്തിയവരുടെ പട്ടിക പുറത്ത്

ന്യൂഡെൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടം വരുത്തിയവരുടെ പട്ടിക പുറത്ത്. സാധാരണക്കാരുടെ ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ കടുത്ത നിയമ നടപടി സ്വീകരിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ കോര്‍പ്പറേറ്റ് സ്നേഹമാണ് ഈ പട്ടിക മുഴുവന്‍. അഞ്ചു കോടി രൂപക്കു മുകളില്‍ കടമെടുത്ത് തിരിച്ചടക്കാത്ത 2426 അക്കൌണ്ടുകളുടെ വിവരമാണ് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പുറത്തു വിട്ടത്.കിട്ടാക്കടം വീണ്ടെടുക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഗുരുതര പ്രതിസന്ധിയിലേക്കാണ് ബാങ്കുകള്‍ നീങ്ങുക.

4644 കോടി രൂപ അടക്കാനുള്ള മെഹുല്‍‌ ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് പട്ടികയില്‍ മുന്നില്‍. ഒരു ലക്ഷത്തി നാല്‍പ്പത്തിയേഴായിരത്തി മുന്നൂറ്റിയമ്പത് കോടി രൂപയാണ് കിട്ടാക്കടമായുള്ളത്. എ ബി ജി ഷിപ് യാര്‍ഡും രുചി സോയ കമ്പനിയുമൊക്കെ ആയിരം കോടി രൂപയിലധികം തിരിച്ചടക്കാനുണ്ട്.വിജയ് മല്യയുടെ കിംഗ് ഫിഷര്‍ കമ്പനി 586 കോടി രൂപയാണ് തിരിച്ചടക്കാത്തത്. ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ് ബി ഐയാണ് കിട്ടാക്കടം വരുത്തിയവരില്‍ മുന്നില്‍.22370 കോടി രൂപ.രണ്ടാം സ്ഥാനത്ത് ബാങ്ക് ഓഫ് ബറോഡയും. ബാങ്ക് ദേശസാല്‍ക്കരണത്തിന്‍റെ 51ആം വാര്‍ഷിക ദിനത്തിലാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്.