തിരുവനന്തപുരം: ഇത്തവണത്തെ വാലന്റയിൻ ദിനത്തിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ചുട്ടുപൊള്ളും. നാളെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന ചൂട് അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണ താപനിലയേക്കാൾ ഉയർന്ന ദിനാന്തരീക്ഷ താപനില അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
സാധാരണ താപനിലയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രായമായവർ, ഗർഭിണികൾ കുട്ടികൾ, രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ തുടങ്ങിയവരെല്ലാം നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രമിക്കണമെന്ന് അഥോറിട്ടി അഭ്യർഥിച്ചു.
ചൂടിനെ നേരിടുന്നതിന് ദുരന്ത നിവാരണ അഥോറിട്ടി പൊതുജനങ്ങൾക്കായി പുറവെടുവിച്ച പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ പിന്തുടരാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ അഭ്യർഥിച്ചു.
സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന നിർദേശങ്ങൾ പാലിക്കുക.
ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.
നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, PWD ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.
സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷ്ണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കാൻ തൊഴിൽ ദാതാക്കൾ സന്നദ്ധരാവേണ്ടതാണ്.
പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.
നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു.
നിർജ്ജലീകരണം തടയാൻORS ലായനി കുടിക്കാം.
വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.