കൊച്ചി: ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഹൈക്കോടതി. 2015-ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നിർദേശം നൽകി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ചോദ്യംചെയ്ത് യുഡിഎഫ് സമർപ്പിച്ച അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പുതിയ നിർദ്ദേശം. പുതിയ വോട്ടർ പട്ടിക സാമ്പത്തികബാധ്യതയാണെന്നായിരുന്നു സർക്കാർ വാദം.
എന്നാൽ 2015-ലെ വോട്ടർപട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന നടപടി തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒരിക്കൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട ഒരാൾ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടണമെങ്കിൽ കൃത്യമായ കാരണങ്ങൾ വേണം. അത്തരത്തിൽ വോട്ടർപട്ടികയിൽ പേരുള്ള ഒരാൾ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വീണ്ടും പേര് ചേർക്കേണ്ട സാഹചര്യമുണ്ടാകരുത്. ഇത് വോട്ടർമാരോട് ചെയ്യുന്ന നീതിപൂർവമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരേ യുഡിഎഫ് നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും കമ്മിഷൻ തീരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി. ഈ വിധിയെ ചോദ്യം ചെയ്ത് കോൺഗ്രസും മുസ്ലീംലീഗും ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. അപ്പീൽ നൽകിയില്ലെങ്കിൽ നിലവിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ ഉത്തരവ് പുറത്തിറക്കേണ്ടി വരും.
2015ലെ വോട്ടർപട്ടിക ഉപയോഗിച്ചാൽ ഏകദേശം 30 ലക്ഷത്തോളം വോട്ടർമാർ വോട്ടർപട്ടികയിൽനിന്ന് പുറത്താകുമെന്ന് നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് കോടതിയെ സമീപിച്ചിരുന്നത്.