ന്യൂഡെൽഹി: കേജരിവാളിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ക്ഷണമില്ല. ഡെൽഹിയിലെ പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയാൽ മതിയെന്നാണ് ആം ആദ്മി പാർട്ടി തീരുമാനം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിമാരും ഇതരസംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ആദ്ആംമി പാർട്ടി കൺ‌വീനർ ഗോപാൽ‌ റായ് പറഞ്ഞു.

മമത ബാനർജി, ഉദ്ധവ് താക്കറേ, ജഗൻമോഹൻ റെഡ്ഡി തുടങ്ങിയ മുഖ്യമന്ത്രിമാർ സംബന്ധിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. രാഷ്ട്രീയ നേതാക്കളെയാരെയും ക്ഷണിക്കേണ്ടെന്ന നിലപാടിലാണ് എഎപി ഇപ്പോൾ. രാം ലീല മൈതാനിയിൽ ഞായറാഴ്ച രാവില 10നാണ് സത്യപ്രതിജ്ഞ. ചടങ്ങിലേക്ക് ഡൽഹി ജനതയെ ഒന്നടങ്കം ക്ഷണിച്ചിട്ടുണ്ട്.

ഡൽഹി ജനതയെ അവരുടെ പുത്രൻ കേജരിവാളിനെ അനുഗ്രഹിക്കുന്നതിനായി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുന്നു എന്നാണ് പാർട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞത്. പാർട്ടി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കേജരിവാൾ ഇന്നലെ ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാലിനെ കണ്ടിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അരവിന്ദ് കേജരിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും.