ന്യൂഡെൽഹി: വികസനത്തിന്റെ വിജയത്തിൽ വിനയാന്വിതനായി കേ ജരിവാൾ ഹാട്രിക്ക് അടിച്ചപ്പോൾ ഡൽഹിയിലെങ്ങും ആഹ്ളാദം. ജനം ഈ വിജയം നെഞ്ചിലേറ്റി കഴിഞ്ഞു. കോൺഗ്രസ്, ബിജെപി ഭരണത്തിലെ അഴിമതിയാണ് മുമ്പ് ഡെൽഹിയിൽ രണ്ടു വട്ടം വിജയം സമ്മാനിച്ചതെങ്കിൽ ഇക്കുറി പണിയെടുത്ത് നേടിയ വികസനത്തിന് ജനം ചാർത്തി നൽകിയ വിജയമാണ്. ഇതാണ് വിജയത്തിന്റെ തിളക്കം കൂട്ടുന്നത്.
ജനപ്രിയ നേതാവ് വീണ്ടും അധികാരത്തിലേറുമ്പോൾ പടക്കം പൊട്ടിച്ച് ആഘോഷിക്കാനുള്ള പ്രവർത്തകരുടെ ആഗ്രഹത്തെ കേജരിവാൾ തടഞ്ഞു. അന്തരീക്ഷ മലിനീകരണത്തിന് വഴിതെളിക്കുമെന്നതിനാലായിരുന്നു ഇത്. പകരം ചെണ്ട കൊട്ടിയും മധുരം പങ്കുവച്ചും വിജയം ആഘോഷിക്കാനും പ്രവർത്തകരോട് നിർദ്ദേശിക്കുകയായിരുന്നു.
വിജയ ദിനത്തിൽ കേജരിവാളിന് ഇരട്ടി മധുര ദിനമായിരുന്നു ഇന്ന് .
ഭാര്യ സുനിതയുടെ ജന്മദിനം കൂടിയായിരുന്നു. കേജരിവാളിന് വിജയദിനമാണിന്നെങ്കിൽ ഭാര്യയ്ക്ക് മധുരം നിറഞ്ഞ പിറന്നാൾ സമ്മാനമാണ് ഈ വിജയം. പാർട്ടി പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചാണ് ഇരുവരും സന്തോഷം പങ്കുവച്ചത്.
ഇന്ത്യൻ റവന്യൂ സർവീസിൽ നിന്ന് രാജിവച്ചാണ് സുനിത കേജരിവാൾ ഭർത്താവിന് പിന്തുണയുമായി രംഗത്ത് വന്നത്. സുനിതയാണ് തന്റെ വിജയത്തിന് പിന്നിലെന്നും മുമ്പൊരിക്കൽ കേജരിവാൾ പറഞ്ഞിരുന്നു.