തിരുവല്ല: ബിലീവേഴ്സ് ആശുപത്രിയും ക്രിസ്തു ശിൽപവും ലോക റെക്കോഡിൽ ഇടം നേടി. ലോകത്തെ ഏറ്റവും വലിയ ക്രിസ്തുശിൽപമെന്ന നിലയിലാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽകോളേജിലെ ക്രിസ്തുശിൽപം ലോക റെക്കോഡിൽ ഇടം പിടിച്ചത്.
കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ത്രിലോഹങ്ങളിൽ നിർമ്മിച്ച ക്രിസ്തുശില്പമാണ് (ഹീലീംങ്ങ് ക്രൈസ്റ്റ് )ലോകറിക്കോർഡിൽ ഇടം പിടിച്ചത്.
2014 ഡിസംബർ ഒന്നിനാണ് ഒട്ടേറെ പ്രത്യേകതകളുള്ള ശിൽപം ഇവിടെ സ്ഥാപിച്ചത്.
368 മീറ്റർ ഉയരവും 2400 കിലോ ഭാരവും 55 മില്ലീമീറ്റർ ഘനവുമുണ്ട് ശിൽപത്തിന്. ത്രി ലോഹങ്ങളിൽ നിർമ്മിച്ച് ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശിൽപമാണിത്.
ഒന്നര വർഷം കൊണ്ട് മൂന്ന് ഘട്ടമായാണ് ഇതിന്റെ നിർമ്മാണം പൂർത്തികരിച്ചത്.
നിർമ്മാണ രീതിയിൽ ഏറെ വ്യത്യസ്തതയുണ്ടിതിന്. സിമിന്റിൽ രൂപമുണ്ടാക്കിയ ശേഷം അതിന്റെ അച്ചെടുത്ത് ( മോൾഡ്) ആ അച്ചിൽ മെഴുകു ഷീറ്റാക്കി ഒട്ടിച്ച് അകം ഭാഗം മണ്ണു നിറച്ച് ഉണക്കി മെഴുകു രൂപം പൂർത്തിയാക്കി മൊത്തമായും മണ്ണു കെട്ടി ഉണക്കിയെടുക്കുകയാണ് ആദ്യ ഘട്ടത്തിൽ. പിന്നീട് ഇത് ചൂളയിൽ ചൂടാക്കി മെഴുക് ഉരുക്കി കളയുമ്പോൾ മണ്ണു കെട്ടിയതിന്റെ ഉള്ളിൽ വരുന്ന ഭാഗത്തേക്ക് ലോഹം ഉരുക്കി ഒഴിക്കും. മെഴുക് ഉരുകിപ്പൊയസ്ഥലത്തേക്ക് ലോഹം നിറയുകയും മെഴുകിന്റെ ആകൃതി മെറ്റലിൽ കിട്ടുകയും ചെയ്യും. പല ഭാഗങ്ങളായി വാർത്ത ഇത് പിന്നെ കൂട്ടിച്ചേർത്ത് പൂർണ്ണ രൂപമാക്കുകയായിരുന്നു.
ലോക റെക്കോഡിൽ ഇടം പിടിച്ചതിന്റെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും അന്താരാഷ്ട്ര ജൂറി ചെയർമാനും ചീഫ് എഡിറ്ററുമായ ഡോ.സുനിൽ ജോസഫ് നിർവ്വഹിച്ചു. അംഗികാര മുദ്ര ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുളയും നല്കി.
ഇതോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം സിനിമാതാരവും ഓൾ കേരള ഗിന്നസ് റിക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ ചെയർമാനുമായ ഗിന്നസ് പക്രൂ ഉദ്ഘാടനം ചെയ്തു. ജോഷ്വാ മോർ ബർണബാസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.മെഡിക്കൽ മിഷൻസ് ഡയറക്ടർ ഫാ.ഡോ. ഡാനിയേൽ ജോൺസൺ ശില്പി ബാലകൃഷ്ണൻ ആചാരിയെ ആദരിച്ചു.
ഹോസ്പിറ്റൽ മാനേജർ ഫാ. സിജോ പന്തപള്ളിൽ , ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജോർജ്ജ് ചാണ്ടി മറ്റിത്ര എന്നിവർ പ്രസംഗിച്ചു