കൊച്ചി: ഇന്നലെ അര്‍ധരാത്രി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായ ചിത്രം സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങി. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് സിനിമ പ്രചരിക്കുന്നത്. ഇരുനൂറില്‍ അധികം രാജ്യങ്ങളിലാണ് ഇന്നലെ 12 മണിക്ക് സിനിമ റിലീസ് ചെയ്തത്.
തന്നെയും ഫ്രൈഡേ ഫിലിം ഹൗസിനെയും സംബന്ധിച്ച് ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്. ആദ്യമായി മലയാളത്തില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോമില്‍ എസ്‌ക്ലൂസിവായി ഇറങ്ങുന്ന സിനിമയെന്ന നിലയില്‍ വലിയ അഭിമാനം തോന്നുന്നുവെന്ന് വിജയ് ബാബു പറഞ്ഞു. ഒരു പുതിയ മലയാളചിത്രം ഇറങ്ങിയിട്ട് നൂറിലധികം ദിവസങ്ങള്‍ ആയിരിക്കുന്നു. ഈ സമയത്ത് ഈ കുഞ്ഞു സിനിമയുടെ റിലീസ് മലയാളി പ്രേക്ഷകര്‍ക്ക് ഒരു ചെറുസന്തോഷം എങ്കിലും നല്‍കുമെങ്കില്‍ തങ്ങള്‍ കൃതാര്‍ത്ഥരാണെന്ന് വിജയ് ബാബു അഭിപ്രായപ്പെട്ടു.
ബോളിവുഡ് താരം അദിതി റാവുവാണ് നായിക. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സിദ്ദീഖും, ഹരീഷ് കണാരനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസിന് തീരുമാനിച്ചപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈൻ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു നിര്‍മ്മാതാവ് വിജയ് ബാബു.