കോഴിക്കോട്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽനിന്ന് കോഴിക്കോട്ടെത്തിയ രണ്ടുപേർ ആരോഗ്യവകുപ്പിനെ വെട്ടിച്ച് സൗദിയിലേക്ക് കടന്നു. രോഗം പടരാൻ ഇടയുള്ളതിനാൽ 28 ദിവസം കഴിഞ്ഞേ വീട്ടിൽനിന്നു പുറത്തിറക്കാവൂ എന്ന് നിർദ്ദേശം നൽകിയിരുന്നു. ഇവരെ പിന്നീട് കാണാതാകുകയായിരുന്നു.കരിപ്പൂരിൽ വിമാനമിറങ്ങിയ രണ്ട് വ്യാപാരികളാണ് അധികൃതരറിയാതെ സൗദിയിലേക്ക് കടന്നത്.
ഏത് വിമാനത്താവളംവഴിയാണ് ഇവർ സൗദിയിലേക്ക് പോയതെന്ന് അറിവായിട്ടില്ല. ഇവരുടെ പൂർണവിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ പറഞ്ഞു.
ചൈനയിൽനിന്നെത്തിയ ശേഷം കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട തൃശൂരിലെ മെഡിക്കൽ വിദ്യാർഥിനിക്കൊപ്പം വന്ന മൂന്നു കോഴിക്കോടുകാർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവർ വിദ്യാർഥിനിയുടെ സഹപാഠികളാണ്.
കോഴിക്കോട്ട് വിമാനമിറങ്ങിയ അറുപതുപേരിൽ ഒരാളെ കണ്ടെത്താനാകാഞ്ഞത് പരിഭ്രാന്തി പരത്തി.
പല തവണ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുറ്റ്യാടിയിൽ നിന്ന് തെക്കൻ മേഖലയിലെ ഒരു ധ്യാനകേന്ദ്രത്തിലേക്ക് പോകുന്നതിനിടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ വഴിയിൽ വച്ച് പിടികൂടി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർബന്ധിച്ച് മടക്കി അയച്ചു.
കഴിഞ്ഞ ദിവസം ചൈനയിൽ നിന്നെത്തിയ ബന്ധുവിന്റെ വിവാഹത്തിന് പോകാനൊരുങ്ങിയത് വീട്ടുകാരും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് തടയുകയായിരുന്നു.
അതിനിടെ കൊറോണ വൈറസ് ബാധ മൂന്നു പേരിൽ സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ആശങ്ക പടർത്തുകയാണ്.പലയിടങ്ങിലും ജനങ്ങൾ ആശങ്കയിലാണ്.അഭ്യൂഹങ്ങളും വ്യാജ വാർത്തകളും സ്ഥിതി വഷളാക്കുന്നു.