നിര്‍ഭയ: കേന്ദ്രത്തിന്റെ ഹർജി തള്ളി;പ്രതികളുടെ വധശിക്ഷ നീളും

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നീളുമെന്ന് ഉറപ്പായി. ഓരോ പ്രതികളുടെയും ശിക്ഷ പ്രത്യേകമായി നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണിത്.

എല്ലാ പ്രതികൾക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയാൽ മതിയെന്ന് കോടതി നിർദേശിച്ചു. ജയിൽ ചട്ടം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ പ്രതികളുടെയും ശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ഹർജിയിലെ ആവശ്യം.
ഒരോരുത്തരായി പുന:പരിശോധാ ഹർജിയും ദയാഹർജിയും സമർപ്പിക്കുന്നതിലൂടെ ശിക്ഷ നടപ്പാക്കുന്നത് ബോധപൂർവ്വം നീട്ടാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
നിയമത്തിന്റെ സാങ്കേതികത്വത്തിന്റെ മറവിൽ ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രതികൾ നടത്തുന്നത്.

തിരുത്തൽ ഹർജിയും ദയാഹർജിയും അടക്കം കേസിലെ പ്രതികൾക്കുള്ള അവകാശങ്ങളെല്ലാം ഇനിയുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ വിനിയോഗിക്കണമെന്ന് കോടതി നിർദേശിച്ചു. ഈ കാലയളവിന് ശേഷം വിചാരണ കോടതിക്ക് ഉചിതമായ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മാസം 31 ന് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

2012 ഡിസംബർ 16നാണ് പാരാമെഡിക്കൽ വിദ്യാർഥിനിയായ 23കാരി ഓടുന്ന ബസിൽ മാനഭംഗത്തിന് ഇരയായത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ കേസിൽ ആകെ ആറുപ്രതികളാണുണ്ടായിരുന്നത്. ഇതിൽ മുഖ്യപ്രതി രാം സിങ് തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്തതിനാൽ ജൂവനൈൽ നിയമപ്രകാരം വിചാരണ ചെയ്യപ്പെട്ട മറ്റൊരു പ്രതി മൂന്നുവർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കി പുറത്തിറങ്ങി.അക്ഷയ് കുമാർ, വിനയ് ശർമ, പവൻ ഗുപ്ത, മുകേഷ് സിങ് എന്നീ പ്രതികളാണ് വധശിക്ഷ കാത്ത് തിഹാർ ജയിലിൽ കഴിയുന്നത്.
പ്രതികളിൽ മുകേഷ്, വിനയ് എന്നിവർക്ക് വധശിക്ഷയിൽനിന്ന് രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞുകഴിഞ്ഞു. ഇവർ സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു. ഇതിനെതിരെ ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ കോടതി ഹർജി തള്ളുകയായിരുന്നു.