ബംഗളുരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളിൽ നാടകം അവതരിപ്പിച്ചതിന് പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നാടകത്തിൽ കടന്നുകൂടിയെന്ന് ആരോപിച്ചാണു പോലീസിസ് നടപടി.
കർണാടക ബിദാറിലെ ഷഹീൻ സ്കൂൾ പ്രധാനാധ്യാപിക , ഒരു വിദ്യാർഥിയുടെ മാതാവ് എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ ജീവനക്കാരെയും വിദ്യാർഥികളെയും ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ രാജ്യദ്രോഹക്കുറ്റത്തിനാണു പോലീസ് കേസെടുത്തത്.
ഒരാഴ്ച മുമ്പായിരുന്നു നാടകം അവതരിപ്പിച്ചത്. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകമാണു വിവാദമായത്.
നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നീലേഷ് രക്ഷ്യാൽ എന്നയാൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ന്യൂടൗണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്.
പ്രധാനമന്ത്രിക്കെതിരായ പരാമർശം നാടകത്തിൽ ആദ്യം ഉണ്ടായിരുന്നില്ലെന്നാണു പോലീസിന്റെ കണ്ടെത്തൽ. ആറാം ക്ലാസ് വിദ്യാർഥിയുടെ അമ്മയാണ് ഈ ഭാഗം പിന്നീട് കൂട്ടിച്ചേർത്തതെന്നും പ്രധാനധ്യാപിക ഇത് അംഗീകരിച്ചെന്നും
പോലീസ് പറയുന്നു.
നാടകത്തിലൂടെ സ്കൂൾ അധികൃതർ വിദ്യാർഥികൾക്കിടയിൽ ഭയം ജനിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പരാതിക്കാൻ ആരോപിച്ചിരുന്നു.