മുംബൈ: പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ എലിൽ നിന്ന് പകുതിയോളം ജീവനക്കാർ നാളെ കൂട്ടത്തോടെ സ്വയം വിരമിക്കുന്നു.രാജ്യത്തെ ഏറ്റവുംവലിയ കൂട്ടവിരമിക്കലാണിത്. സ്വകാര്യമേഖലയ്ക്ക് ടെലികോമിനെ തീറെഴുതുന്ന കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമാണ് സാമ്പത്തിക പ്രതിസന്ധിയെന്ന പേരിൽ കൂട്ട വിരമിക്കലിന് പദ്ധതി തയ്യാറാക്കിയത്.ജീവനക്കാരുടെ ഭീമമായ എണ്ണമാണ് കമ്പനിയുടെ നഷ്ടത്തിന് കാരണമെന്നാണ് സർക്കാർ വിലയിരുത്തൽ.
കേന്ദ്രം പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിർദേശങ്ങൾ സ്വീകരിച്ച് 78,559 ജീവനക്കാരാണ് നാളെ സ്വയംവിരമിക്കൽ പദ്ധതിയിലൂടെ കമ്പനിയിൽനിന്ന് പുറത്തു പോകുന്നത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ.85,344 ജീവനക്കാരാണ് ശേഷിക്കുക. 1.63 ലക്ഷം ജീവനക്കാരുണ്ടായിരുന്ന കമ്പനിയിൽ ഇതോടെ പകുതി ജീവനക്കാരാണിനി ബാക്കി.ഇത് കമ്പനിയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും. ഈ പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരെ ഉടൻ പുനർ വിന്യസിക്കുമെന്നറിയുന്നു.
ബി എസ് എൻ എൽ ജീവനക്കാർക്കു ജനുവരി ആദ്യം കൊടുക്കേണ്ട ഡിസംബറിലെ ശമ്പളം ഇന്നലെ വരെ വിതരണം ചെയ്തിട്ടില്ല. വിരമിക്കൽ ആനുകൂല്യങ്ങളുടെ പകുതി തുക മാർച്ച് 31-നുമുമ്പും ശേഷിക്കുന്നത് ജൂൺ 30-നുമുമ്പും നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. കുടിശ്ശിക ശമ്പളം അടുത്ത മാസം നൽകുമെന്നാണ് വിവരം.
ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. എക്സ്ചേഞ്ചുകളുടെ പ്രവർത്തനവും പരിപാലനവും ജോലി കരാർ ജോലിക്കാരെ ഏൽപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ടെൻഡർ നടപടികൾ തുടങ്ങിയിട്ടുണ്ട്. എസ്.എസ്.എ. തലത്തിലാണ് കരാർ നൽകുക. മിക്ക എക്സ്ചേഞ്ചുകളിലും ലാൻഡ്ഫോൺ തകരാറുകൾ പരിഹരിക്കുന്നേയില്ല.
അതുകൊണ്ടുതന്നെ ലാൻഡ് ഫോണുകൾ നിശബ്ദമായി കൊണ്ടിരിക്കയാണ്. സ്വകാര്യ കമ്പനികളുമായി തട്ടിച്ചു നോക്കുമ്പോൾ ബി എസ് എൻ എല്ലിന്റെ സേവനങ്ങൾക്ക് ചാർജ് കുറവാണെങ്കിലും ഇത് വേണ്ടത്ര പ്രയോജനപ്പെടുത്തി ഉപഭോക്താക്കളെ കൂട്ടാൻ കഴിയുന്നില്ല.
ബി.എസ്.എൻ.എൽ. പാക്കേജിൽ പ്രഖ്യാപിച്ച 4-ജി സ്പെക്ട്രം നടപടികളും പാതിവഴിയിൽ മുടങ്ങും. സ്വകാര്യ കമ്പനികൾ ബി എസ് എൻ എലിൽ 4 ജി നടപ്പാക്കാതിരിക്കാൻ പ്രാദേശികമായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. പ്രവർത്തനമൂലധനത്തിന് ആവശ്യമായ 3000 കോടിയുടെ ബാങ്ക് വായ്പ ഇനിയും കിട്ടിയിട്ടില്ല. 14,000 കോടി രൂപയുടെ കടപ്പത്രം ഇറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുമുണ്ടായില്ല.
ഡിസംബറിൽ ഇവ ഉണ്ടാവുമെന്നായിരുന്നു കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്.
ജീവനക്കാരുടെ കൂട്ട വിരമിക്കലോടെ സംഘടനകളുടെ സമര ഭീഷണിയെ നേരിടാൻ കേന്ദ്രത്തിനായി. വരും ദിവസങ്ങളിൽ ഇത് കൂടുതൽ കടുത്ത നടപടികളെടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുമെന്ന് വ്യക്തം.