മുന്‍മന്ത്രി എം.കമലം അന്തരിച്ചു

കോഴിക്കോട്: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.കമലം (95) അന്തരിച്ചു. കോഴിക്കോട്ടെ വസതിയിൽ ഇന്ന് രാവിലെ ആറിനായിരുന്നു അന്ത്യം. സംസ്കാരം വൈകുന്നേരം അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ .

കരുണാകരൻ മന്ത്രിസഭയിൽ 82 മുതൽ 87 വരെ സഹകരണമന്ത്രിയയിരുന്നു കമലം. കോൺഗ്രസിന്റെ സീനിയർ വനിതാ നേതാവായിരുന്നു കമലം. വനിതാ കമ്മിഷൻ ചെയർപേഴ്സൺ, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറൽസെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1946ൽ ഇരുപതാം വയസിൽ കോഴിക്കോട് നഗരസഭാ കൗൺസിലറായാണ് കമലത്തിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് കമലത്തിന്റെ രാഷ്ട്രീയ ഉയർച്ചയായിരുന്നു. കെ.സി. എബ്രഹാം കെ.പി.സി.സി. പ്രസിഡന്റായപ്പോൾ കമലം ജനറൽ സെക്രട്ടറിയായി.

കോൺഗ്രസ് നിർദേശ പ്രകാരം 1954ൽ കണ്ണൂർ കേന്ദ്രമായി 200 മഹിളാ സഹകരണസംഘങ്ങളും സമിതികളും കമലം രൂപം കൊടുത്തു. 1958ൽ കണ്ണൂരിലെ കെ.പി.സി.സി. സമ്മേളനത്തിൽ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ മനസ്സിൽ കമലം ഇടംനേടി.

കോൺഗ്രസിന്റെ കേരളത്തിലെ മഹിളാവിഭാഗം കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു.
1975ൽ അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസ് വിട്ട ഇവർ പിന്നീട് പാർട്ടിയിൽ തിരിച്ചെത്തി. 1980ൽ കോഴിക്കോട്ടുനിന്നു നിയമസഭയിലേക്ക് പരാജയപ്പെട്ടു. 1982ൽ കല്പറ്റയിൽനിന്നു മത്സരിച്ച് കെ. കരുണാകരൻമന്ത്രിസഭയിൽ സഹകരണമന്ത്രിയായി.