ക്വാറൻ്റയിൻ ലംഘിച്ച് യുവാക്കൾ കറങ്ങി ; സൈബർ സെല്ലിന്റെ ജിയോഫെന്‍സിങ് പൊക്കി

കല്‍പ്പറ്റ: വയനാട്ടിൽ ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്ന് യുവാക്കൾ. സൈബര്‍ സെല്ലിന്റെ ജിയോഫെന്‍സിങ് സംവിധാനം വഴിയാണ് ഇവര്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിയാനുള്ള നിര്‍ദേശം യുവാക്കള്‍ ലംഘിക്കുകയായിരുന്നു. മാക്കുറ്റി സ്വദേശി അഴിപ്പുറത്ത് വീട്ടില്‍ നിപു എ. സുരേന്ദ്രന്‍ (27), ചീരാല്‍ സ്വദേശി ദിനേശ് (28), ചെറുമട് സ്വദേശി മരവടവില്‍ വീട്ടില്‍ ജിത്യാ മുകുന്ദ് (28), കുടുക്കി സ്വദേശി നമ്പ്യാര്‍വീട്ടില്‍ എ. അക്ഷയ് (21) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ക്വാറന്റീന്‍ ലംഘിച്ചതിന് തുടർന്ന് വയനാട് നൂല്‍പ്പുഴ സ്റ്റേഷനില്‍ ശനിയാഴ്ച നാലുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം, കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 209 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. രോഗം സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ല ആശുപത്രിയിലും രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്.