
കൊച്ചി: ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. കേസില്‍ ഹൈക്കോടതി സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയതിനെ തുടര്‍ന്നാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ അന്നു തന്നെ സിവിക് ചന്ദ്രനെ പ്രത്യേക ജഡ്ജിക്കു മുന്നില്‍ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ജാമ്യത്തിന് അപേക്ഷ നല്‍കുകയാണെങ്കില്‍ അന്നു തന്നെ പരിഗണിക്കണമെന്നും എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെ പരാതിക്കാരിയും സര്‍ക്കാരും നല്‍കിയ അപ്പീലിനെത്തുടര്‍ന്നാണ് കോടതി സിവിക് ചന്ദ്രന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്.
രണ്ട് കേസുകളാണ് സിവിക് ചന്ദ്രനെതിരെയുള്ളത്. ഇതില്‍ ഒരു കേസില്‍ സിവിക് ചന്ദ്രന്റെ പ്രായം പരിഗണിച്ച് അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം തുടരാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജിയില്‍ ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തിരുന്നു.