കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഓടുന്ന കാറിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. എഞ്ചിനീയറിങ് ബിരുദധാരിയായ ജമേഷ മുബിന്‍ (25) ആണ് ഇന്നലെ പുലര്‍ച്ചെ ടൗണ്‍ ഹാളിന് സമീപം കോട്ടമേടി സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്.
യുവാവിന്റെ മരണം ചാവേറാക്രമണത്തെത്തുടര്‍ന്നാണെന്നാണ് സൂചന. യുവാവിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയതും പൊട്ടിത്തെറിച്ച കാറില്‍ നിന്ന് ആണികളും മാര്‍ബിള്‍ ഭാഗങ്ങളും ലഭിച്ചതുമാണ് ദുരൂഹത വര്‍ദ്ധിപ്പിച്ചത്. 2019-ല്‍ ഐ.എസ് ബന്ധം സംശയിച്ച് ഇയാളെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ അന്ന് റെയ്ഡും നടന്നിരുന്നു.
ചെക്ക് പോസ്റ്റില്‍ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. കാറിലുണ്ടായ രണ്ട് പാചകവാതക സിലിണ്ടറുകളില്‍ ഒരെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെല്‍ട്ടര്‍ ഭാഗികമായി തകര്‍ന്നു.
സംഭവത്തിന് പിന്നാലെ കോയമ്പത്തൂര്‍ ജില്ലയിലുടനീളം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങളിലെല്ലാം പരിശോധനയും നടത്തുന്നുണ്ട്. ദീപാവലിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം കനത്ത ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള അതിര്‍ത്തിയിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.