കണ്ണൂര്‍: പാനൂര്‍ മൊകേരി വള്ള്യായിയില്‍ യുവതിയെ വീട്ടിനുള്ളില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്താണ് സംഭവശേഷം പൊലീസില്‍ കീഴടങ്ങിയത്. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ 11.30-ഓടെയാണ് ദാരുണസംഭവമുണ്ടായത്. നടമ്മല്‍ സ്വദേശി കണ്ണച്ചാക്കണ്ടി വിഷ്ണുപ്രിയ (24) ആണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. തറവാട്ടിലേക്ക് പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. തൊപ്പിയും മാസ്‌കും ധരിച്ച അപരിചിതനായ ഒരു യുവാവ് റോഡിലൂടെ ഓടിപ്പോകുന്നത് കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു.
ഖത്തറില്‍ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. പാനൂരില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു യുവതി.