
കൊച്ചി: മിന്നല്‍ പണിമുടക്ക് നടത്തിയതിന് കെ.എസ്.ആര്.ടി.സി യൂണിയനുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. യൂണിയനുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ജൂണ്‍ 26-ന് നടത്തിയ മിന്നല്‍ പണിമുടക്കിലാണ് വിമര്‍ശനം.
ചെറിയ നടപടി പോരെന്നും സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കണം കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കെ.എസ്.ആര്.ടി.സിയോട് നിലപാട് അറിയിക്കാനും കോടതി അറിയിച്ചിട്ടുണ്ട്. പണിമുടക്ക് നടത്തിയവരില്‍ നിന്നും കടുത്ത പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.
കെ.എസ്.ആര്.ടി.സിയെ നിയന്ത്രിക്കുന്നത് യൂണിയന് അല്ലല്ലോ മാനേജ്മെന്റ് അല്ലേ എന്ന് കോടതി ചോദിച്ചു. ഷെഡ്യൂളുകള്‍ മുടക്കുകയല്ല വേണ്ടത്. രാവിലെ പോയിട്ട് വണ്ടി ഓടിക്കാന്‍ പറ്റില്ലെന്ന് പറയുന്നു. ഇതൊക്കെ എന്താണെന്ന് കോടതി ചോദിച്ചു.
ഇങ്ങനെ മിന്നല്‍ പണിമുടക്ക് നടത്താന്‍ എങ്ങനെ സാധിക്കുന്നു എന്നും യൂണിയനുകളോട് ചോദിച്ചു. ഈ പ്രശ്നത്തെ ന്യായീകരിക്കാനാവില്ല. കാട്ടാക്കടയിലെ ഒരു സംഭവം മാത്രം മതി ജനങ്ങള്‍ ജീവനക്കാര്‍ക്കെതിരെ തിരിയാനെന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി.
തിരുവനന്തപുരത്തെ നാല് ഡിപ്പോകളിലായിരുന്നു ജൂണ്‍ 26-ന് പണിമുടക്ക് നടന്നത്. സര്‍വ്വീസുകള്‍ റീ ഷെഡ്യൂള്‍ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ജീവനക്കാരുടെ പണിമുടക്ക്.