ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു; അമ്പതോളം വീടുകള്‍ തകര്‍ന്നു, വന്‍ നാശനഷ്ടം

ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡിലെ പിതോറഗഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അതിശക്തമായ മഴയില്‍ ഒരാള്‍ മരിച്ചു. അമ്പതോളം വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ധര്‍ചുല ടൗണില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അതിശക്തമായ മഴയില്‍ വെള്ളം പൊങ്ങിയതാണ് വീടുകള്‍ മുങ്ങാന്‍ ഇടയാക്കിയത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടു കൂടിയാണ് മേഘവിസ്‌ഫോടനമുണ്ടായത്.

കാളി നദി കുത്തിയൊഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പിതോറഗഡ് പൊലീസ് പങ്കുവെച്ചു. ഖോട്ടില ഗ്രാമത്തിലാണ് 50 വീടുകള്‍ മുങ്ങിയതെന്ന് പൊലീസ് പറയുന്നു. പ്രദേശവാസികള്‍ നദിക്കരയില്‍ പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. നദികള്‍ക്ക് മുകളിലുള്ള പാലങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.