കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ക്ക് ഉപാധികളോടെ ശമ്പളം; സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കും

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നൂറ് കോടി രൂപ അനുവദിച്ചു. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം അനുവദിച്ചിട്ടുള്ളത്. ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീര്‍ക്കും എന്ന് യൂണിയന്‍ നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. പരമാവധി ഇന്ന് തന്നെ പണം ജീവനക്കാര്‍ക്ക് ലഭിക്കുന്ന രീതിയില്‍ നടപടിയെടുക്കാന്‍ ധന വകുപ്പിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ക്ലസ്റ്റര്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമായി 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇന്നലെ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളില്‍ പരമാവധി ബസുകള്‍ ഓടിക്കും. തിരക്കു കുറയുന്ന പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ബസുകള്‍ കുറയ്ക്കും. ഈ സമയം ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ വിശ്രമം അനുവദിക്കും.