ന്യൂഡെല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അസോസിയേഷന് അധ്യക്ഷനായി കല്യാണ്‍ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറാണ് ചൗബേ. മുന്‍ ഇന്ത്യന്‍ നായകന് ബൈച്ചുങ് ബൂട്ടിയയെ വന്‍ ഭൂരിപക്ഷത്തിനാണ് ചൗബേ തോല്‍പ്പിച്ചത്. ഒരേയൊരു വോട്ട് മാത്രമാണ് ബൂട്ടിയയ്ക്ക് ലഭിച്ചത്.
ഇതാദ്യമായാണ് ഒരു ദേശീയ ഫുട്ബോള്‍ താരം എ.ഐ.എഫ്.ഐഫിന്റെ അദ്ധ്യക്ഷനാകുന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ചൗബേ ബി.ജെ.പി നേതാവ് കൂടിയാണ്. 34 സംസ്ഥാന അസോസിയഷനുകള്ക്ക് വോട്ടവകാശമുള്ള തെരഞ്ഞെടുപ്പില്‍ ചൗബേയ്ക്ക് അനുകൂലമായി 33 അസോസിയേഷനുകള്‍ വോട്ട് ചെയ്തു.
കര്‍ണ്ണാടക ഫുട്ബോള്‍ അസോസിയേഷന് തലവന്‍ എന്‍.എ.ഹാരിസാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി, ട്രഷറല്‍ സ്ഥാനങ്ങളിലടക്കം ബി.ജെ.പിയുടെ പിന്തുണയോടെ മത്സരിച്ച ഔദ്യോഗിക പാനല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു.