ചെക്ക് ആര് പൂരിപ്പിച്ചു എന്നതല്ല പ്രധാനം, ഉത്തരവാദിത്തം നല്‍കിയയാള്‍ക്ക്: സുപ്രീംകോടതി

ന്യൂഡെല്‍ഹി: ആര് പൂരിപ്പിച്ചാലും ചെക്കിന്റെ ഉത്തരവാദിത്തം നല്‍കിയയാള്‍ക്കാണ് എന്ന് സുപ്രീം കോടതി. ചെക്ക് കേസില്‍ അപ്പീല്‍ അനുവദിച്ച് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡും എ.എസ്.ബൊപ്പണ്ണയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.

ചെക്ക് കേസില്‍ ചെക്ക് പൂരിപ്പിച്ചത് ആരെന്ന് കണ്ടെത്താന്‍ കയ്യെഴുത്ത് വിദഗ്ദ്ധനെ നിയോഗിക്കുന്നതിന് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഒപ്പിട്ട ബ്ലാങ്ക് ചെക്കാണ് നല്‍കിയതെന്നാണ് പ്രതി പറയുന്നത്. ചെക്കിലെ മറ്റ് ഭാഗങ്ങള്‍ പൂരിപ്പിച്ചത് താനല്ലെന്ന വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ചെക്ക് പൂരിപ്പിച്ചത് ഇത് നല്‍കിയയാള്‍ അല്ലെന്നാണ് കയ്യെഴുത്ത് വിദഗ്ദ്ധന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചെക്കില്‍ ഒപ്പിട്ടതിനെ നിസ്സാരമായി കാണാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒപ്പിട്ട് ചെക്ക് കൈമാറുമ്പോള്‍ നല്‍കിയയാള്‍ക്ക് തന്നെയാണ് ഇതിന്റെ ഉത്തരവാദിത്തം. ബാധ്യത തീര്‍ക്കാനോ കടം കൊടുത്തുതീര്‍ക്കാനോ വേണ്ടിയാണ് ചെക്ക് നല്‍കിയതെന്ന് തെളിയിക്കപ്പെട്ടില്ലെങ്കില്‍ മാത്രമേ മാറ്റി ചിന്തിക്കേണ്ടതുള്ളൂ. അല്ലാത്തപക്ഷം ചെക്ക് നല്‍കിയയാള്‍ക്ക് തന്നെയാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും കോടതി നിരീക്ഷിച്ചു.

ഈ പശ്ചാത്തലത്തില്‍ മറ്റു വാദങ്ങളെല്ലാം അപ്രധാനമാണെന്നും കോടതി പറഞ്ഞു. കടം തീര്‍ക്കാന്‍ ചെക്ക് നല്‍കിയതാണെങ്കില്‍ കയ്യെഴുത്ത് വിദഗ്ദ്ധന്റെ റിപ്പോര്‍ട്ടിന് യാതൊരുവിധ പ്രാധാന്യവുമില്ലെന്നും കോടതി വ്യക്തമാക്കി.