ന്യൂഡെല്‍ഹി: അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനങ്ങളുടെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിയ്ക്കുമെതിരായ നീക്കം ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി. ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഇബ്രാഹിമിന്റെ സഹോദരന് അനീസ് ഇബ്രാഹിം, അടുത്ത സഹായികളായ ജാവേദ് പട്ടേല്‍, ഛോട്ടാ ഷക്കീല്‍, ടൈഗര്‍ മേമന് എന്നിവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെല്ലാം പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
അന്താരാഷ്ട്ര ഭീകരശൃംഖലയായ ഡി കമ്പനി നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു. ആയുധകള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, പണംതട്ടല്‍, വ്യാജ ഇന്ത്യന്‍ കറന്‍സി നിര്‍മ്മാണം, അധോലോക ഗുണ്ടാസംഘങ്ങള്‍, ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്തുന്നതിനായി അനധികൃതമായി സ്വത്ത് കൈവശപ്പെടുത്തല്‍ തുടങ്ങിയ കൃത്യങ്ങളില്‍ ഡി കമ്പനി ഏര്‍പ്പെട്ടുവരുന്നതായും എഫ്.ഐ.ആറില്‍ പറയുന്നു.