കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് സ്റ്റേ ചെയ്ത നടപടി ഒരു മാസം കൂടി നീട്ടി ഹൈക്കോടതി. ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന യു.ജി.സിയുടെ നിര്‍ണ്ണായക തീരുമാനം കോടതിയെ ബോധിപ്പിച്ചതിന് പിന്നാലെയാണിത്.
പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സെല്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. യു.ജി.സി റെഗുലേഷന്‍ പ്രകാരം ഗവേഷണകാലം അധ്യാപനകാലയളവായി കണക്കാക്കാനാവില്ലെന്ന് വാക്കാല്‍ കോടതിയെ അറിയിക്കുകയായിരുന്നു.
ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ രണ്ടാമത്തെത്തിയ ചങ്ങനാശ്ശേരി എസ്.ബി.കോളെജ് അധ്യാപകന്‍ ജോസഫ് സ്‌കറിയയാണ് പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് ഓണം അവധിക്ക് ശേഷം അടുത്ത മാസം 16-ന് വീണ്ടും കോടതി പരിഗണിക്കും.