കൊച്ചി: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശമ്പളവിതരണത്തിന് ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും ചെയ്തു.
103 കോടിയാണ് ധനസഹായമായി കെ.എസ്.ആര്.ടി.സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിന് അനുകൂല നിലപാടെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതിനാല്‍ ഓണത്തിന് മുന്‍പ് ശമ്പളം നല്‍കാനുള്ള കെ.എസ്.ആര്.ടി.സിയുടെ ശ്രമം വിഫലമായേക്കും.
അതേസമയം, ശമ്പളവിതരണത്തിനായി ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നിന് ശമ്പളകുടിശ്ശിക നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.