തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് നല്ലതെന്ന് ശശി തരൂര്‍; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യത

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് ശശി തരൂര്‍ എം.പി. പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

അതേസമയം മത്സരരംഗത്തിറങ്ങുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ശശി തരൂര്‍ തയ്യാറായില്ല. അതേക്കുറിച്ച് ഇപ്പോള്‍ വേറൊന്നും പറയാനില്ലെന്നായിരുന്നു ശശി തരൂരിന്റെ മറുപടി. മഹത്തായ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു കുടുംബത്തിന് മാത്രമേ നയിക്കാനാവൂ എന്ന തരത്തില്‍ വിശ്വാസത്തെ പരിമിതപ്പെടുത്തരുതെന്നും ശശി തരൂര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടപടികള്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യകരമായ മാര്‍ഗമാണെന്ന് നേരത്തെ ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ സൂചിപ്പിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്കും പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂരോ മനീഷ് തിവാരിയോ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ചയാക്കാന്‍ മത്സരം അനിവാര്യമാണെന്നാണ് ജി 23 സംഘത്തിന്റെ വിലയിരുത്തല്‍. തരൂര്‍ മത്സരത്തിനൊരുക്കമല്ലെങ്കില്‍ മാത്രമാകും മനീഷ് തിവാരി മത്സരത്തിന് ഇറങ്ങുക. ഇതില്‍ അന്തിമതീരുമാനമായിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ സജീവമായി തുടരുന്നുന്നുണ്ട്.