ന്യൂഡെല്‍ഹി: വിവാദമായ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീല്‍ എം.എല്‍.എയ്ക്കെതിരായ ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിനോട് വിശദീകരണം തേടി ഡല്‍ഹി റോസ് അവന്യൂ കോടതി. ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ ജി.എസ്.മണിയാണ് കോടതിയെ സമീപിച്ചത്.
കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും കേസെടുക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഡല്‍ഹി പൊലീസിലും ജി.എസ്.മണി പരാതി നല്‍കിയിരുന്നു.
പരാതിയില്‍ ജലീലിനെതിരെ കേസെടുക്കുന്നതില്‍ ഡല്‍ഹി പൊലീസ് നിയമോപദേശം തേടിയിരുന്നു. പരാതി സൈബര്‍ ക്രൈം വിഭാഗമായ ഇഫ്സോയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. പരാതിയില്‍ നടപടി വൈകുന്നതിനാല്‍ ന്യൂഡെല്‍ഹി ഡിസിപിക്കും ജി.എസ്.മണി പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയില്‍ ഡല്‍ഹി പൊലീസ് നടപടി തുടങ്ങിയത്. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ കെ.ടി.ജലീല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.