ഒട്ടോവ: കാനഡയിൽ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിന് നേരെ ആക്രോശവും ഭീഷണിയുമായി യുവാവ്. ആൽബേർട്ട പ്രവിശ്യയിലെ ഗ്രാൻഡ് പ്രെയ്റൈ മേഖലയിലാണ് സംഭവം.
നഗരത്തിലെ ഒരു കെട്ടിടത്തിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ ഫ്രീലാൻഡിന് നേരെ പ്രകോപനപരമായ വാക്കുകൾ ഉപയോഗിച്ച് ഒരു യുവാവ് അധിക്ഷേപം ചൊരിയുകയായിരുന്നു. ഫ്രീലാൻഡ് ഒരു രാജ്യദ്രോഹിയാണെന്നും ആൽബേർട്ട വിട്ടുപോകണമെന്നും അസഭ്യവർഷത്തിനിടെ അക്രമി പറഞ്ഞു.
കാനഡയിൽ വനിതാ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുണ്ടാകുന്ന അധിക്ഷേപ പരന്പരയിലെ ഏറ്റവും പുതിയ ഏടാണ് ഫ്രീലാൻഡിനെതിരായ ആക്രോശം. പൊതുരംഗത്ത് പ്രവർത്തിക്കുന്ന നിരവധി വനിതകൾക്ക് സമീപകാലത്ത് നേരിട്ടും ഓണ്‍ലൈനിലൂടെയും ഭീഷണികളും അധിക്ഷേപവും നേരിടേണ്ടി വന്നിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.