ന്യൂഡെല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കി. സ്വന്തം പേരിലുള്ള ഖനി ലൈസന്‍സുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയിലാണ് നടപടി.
അംഗത്വം റദ്ദാക്കുന്നത് സംബന്ധിച്ച ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന് ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. രാജ് ഭവനില്‍ നിന്ന് ഗവര്‍ണറുടെ ഔദ്യോഗിക അറിയിപ്പ് വരുന്നതനുസരിച്ച് ഹേമന്ത് സോറന് രാജിവെക്കേണ്ടിവരും. നിയമസഭാംഗത്വം രാജിവെച്ചാല്‍ അടുത്ത ആറ് മാസത്തിന് ശേഷം സോറന് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാം.
2021 ജൂണില്‍ ഹേമന്ത് സോറന് സ്വന്തം പേരില്‍ ഖനി ലൈസന്‍സ് അനുവദിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സോറനെതിരെ ബി.ജെ.പി പരാതി നല്‍കുകയായിരുന്നു. ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
തുടര്‍ന്ന് പരാതിയില്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടുകയായിരുന്നു. സോറന്റെ അംഗത്വം റദ്ദാക്കാവുന്നതാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചത്. വിഷയത്തില്‍ സോറന്റെ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷന് തേടിയിരുന്നു.