വിഴിഞ്ഞത്ത് ക്രമാസമാധാനം ഉറപ്പാക്കണം:സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: വിഴിഞ്ഞം തുഖമുഖ പദ്ധതി നിര്‍മ്മാണ മേഖലയില്‍ ക്രമാസമാധാനം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. തുറമുഖത്തിന് എതിരായി സമരം തടയുന്നതിന് പൊലീസ് സംരക്ഷണം തേടി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണ കരാര്‍ കമ്പനി ഹോവെ എഞ്ചിനീയറിങ് പ്രോജക്ട്‌സ് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പൊലീസും സര്‍ക്കാരും പ്രശ്‌നത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണ് എന്ന് കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റിവെച്ചിരിക്കുകയാണ്. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പദ്ധതി പൂര്‍ത്തീകരിക്കാനുള്ള അവസാന ഘട്ടമെത്തിനില്‍ക്കെ പത്തുദിവസമായി നിര്‍മ്മാണപ്രവൃത്തികള്‍ നിലച്ചിരിക്കുകയാണ്. ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് കമ്പനി കോടതിയെ ബോധിപ്പിച്ചു. തുറമുഖ നിര്‍മ്മാണത്തിന് പാരിസ്ഥിതിക പഠനം വീണ്ടും നടത്തണം എന്ന ആവശ്യമാണ് സമരക്കാര്‍ ഉയര്‍ത്തിയിരുന്നത്. എല്ലാ വിധ പഠനങ്ങളും നടത്തിയ ശേഷമാണ് നിര്‍മ്മാണം ആരംഭിച്ചതെന്നാണ് അദാനി കോടതിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.