ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടി ദേശീയ നേതൃത്വവുമായി സമീപകാലത്തുണ്ടായ അകല്‍ച്ചയെത്തുടര്‍ന്നാണ് രാജി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നുമാണ് രാജി. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം രാജിക്കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിന്റെ കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചിരുന്നു.കോണ്‍ഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയ കാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലിന്റെ ഭാഗമായിരുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത അതൃപ്തിയിലായിരുന്നു ഗുലാം നബി ആസാദ്.
പാര്‍ട്ടി നേതൃത്വവുമായി ഏറെ നാളായി ഭിന്നതയില്‍ കഴിയുന്ന ഗുലാം നബി ആസാദ്, കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 25 നേതാക്കളില്‍ ഉള്‍പ്പെട്ടിരുന്നു.