ന്യൂഡെല്‍ഹി: വാട്‌സ്ആപ്പിന്റെ സ്വകാര്യതാനയത്തെക്കുറിച്ച് അന്വേഷിക്കാനുള്ള കോംപറ്റീഷന്‍ കമ്മീഷന്‍ ഉത്തരവിനെതിരെ കമ്പനി നല്‍കിയ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. അന്വേഷണത്തിന് എതിരായ കമ്പനിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കരുതാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
സ്വകാര്യതാ നയത്തെക്കുറിച്ച് അന്വേഷിക്കാനുള്ള കോംപറ്റീഷന്‍ കമ്മീഷന്‍ ഉത്തരവ് കഴിഞ്ഞ ഏപ്രിലില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും അപ്പീല്‍ നല്‍കിയത്.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വാട്‌സ്ആപ്പിന്റെ സ്വകാര്യതാനയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ സ്വമേധയാ തീരുമാനിക്കുകയായിരുന്നു. നയം നിലവില്‍ മരവിപ്പിച്ചിരിക്കുകയാണെന്നാണ് വാട്‌സ്ആപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍, സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമുള്ള കേസുകള്‍ എന്നിവ കണക്കിലെടുത്താണ് നയം മരവിപ്പിച്ചിട്ടുള്ളത്. നിലവില്‍ നടപ്പാക്കാത്ത നയത്തെക്കുറിച്ച് കോംപറ്റീഷന്‍ കമ്മീഷന് അന്വേഷിക്കാനാവില്ലെന്ന് കമ്പനി വാദിച്ചു. ഇതു തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വാട്‌സ് ആപ്പിലെ വിവരങ്ങള്‍ മാതൃ കമ്പനിയായ ഫെയ്‌സ്ബുക്കുമായി പങ്കുവെക്കുമെന്ന് വ്യക്തമാക്കിയാണ് കമ്പനി സ്വകാര്യതാ നയം പുതുക്കിയത്. വന്‍ തോതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നയം പിന്നീട് മരവിപ്പിക്കുകയായിരുന്നു.