പാട്ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെ ബി.ജെ.പി അംഗമായ നിയമസഭാ സ്പീക്കര്‍ രാജിവെച്ചു. ബി.ജെ.പി എം.എല്‍.എയായ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയാണ് രാജിവെച്ചത്. ജെ.ഡി.യു-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ കഴിഞ്ഞ വാരം അധികാരമേറ്റതിന് പിന്നാലെയായിരുന്നു സ്പീക്കര്‍ക്കെതിരെ സഖ്യം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
രാജിവെക്കില്ലെന്നായിരുന്നു വിജയ് കുമാര്‍ സിന്‍ഹ നിലപാട് സ്വീകരിച്ചിരുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് സിന്‍ഹ പറഞ്ഞു. എം.എല്‍.എമാര്‍ നല്കിയ അവിശ്വാസ നോട്ടീസ് വ്യക്തമല്ലെന്നും നിയമപ്രകാരമുള്ളതല്ലെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.
സ്പീക്കര്‍ രാജിവെച്ചതോടെ ഡെപ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയിലാകും വിശ്വാസവോട്ടെടുപ്പ് നടക്കുക. ആര്.ജെ.ഡിയുടെ മുതിര്‍ന്ന നേതാവ് അവധ് ബിഹാരി ചൗധരിയെ പുതിയ സ്പീക്കറാക്കാനാണ് പുതിയ ധാരണ. 243 അംഗ ബിഹാര്‍ നിയമസഭയില്‍ ജെ.ഡി.യു-ആര്.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിന് 164 എം.എല്‍.എമാരുടെ പിന്തുണയുണ്ട്.