മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. തമിഴ്നാട് സ്വദേശി പി.മുനിയപ്പയാണ് പൊലീസിന്റെ പിടിയിലായത്. രണ്ട് കാസര്‍കോട് സ്വദേശികള്‍ എത്തിച്ച പണം കരിപ്പൂരിന് പുറത്ത് യാത്രക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
തുടര്‍ന്ന് മുനിയപ്പയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നാലര ലക്ഷത്തോളം രൂപയും യു.എ.ഇദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും കണ്ടെടുത്തു. കൂടാതെ നാല് പേരുടെ പാസ്പോര്‍ട്ടും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഉച്ചയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥരെ കരിപ്പൂരില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമിശ്രിതം കടത്താന്‍ ശ്രമിച്ച ജീവനക്കാരന് പിടിയിലായിരുന്നു.