കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് പട്ടിക മരവിപ്പിച്ച, ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് വൈസ് ചാന്‍സലര്‍ക്ക് നിയമോപദേശം. ഗവര്‍ണറുടെ നടപടിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഇന്നു ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
വൈസ് ചാന്‍സലര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയാണ് ഗവര്‍ണര്‍ നിയമന നടപടികള്‍ മരവിപ്പിച്ചത്. ഇത് നിയമപരമല്ലെന്നാണ് വൈസ് ചാന്‍സലര്‍ക്ക് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. നാളെ സര്‍വ്വകലാശാല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയില്‍ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചാണ് നിയമന നടപടി മരവിപ്പിച്ചുകൊണ്ട് ചാന്‍സലര്‍ എന്ന രീതിയില്‍ ഗവര്‍ണര്‍ ഇന്നലെ വൈകിട്ട് ഉത്തരവിട്ടത്.
റിസര്‍ച്ച് സ്കോറില്‍ പിന്നിലായിരുന്ന പ്രിയ വര്‍ഗീസ് നിയമന അഭിമുഖത്തില്‍ ഒന്നാമത് എത്തിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണര്‍ നിയമനം മരവിപ്പിച്ചത്. ഇതു സംബന്ധിച്ച് വിസി നല്കിയ വിശദീകരണം ഗവര്‍ണര്‍ തള്ളുകയായിരുന്നു.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നല്കാന് ജൂണ്‍ 27-ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. ഇതടക്കമുള്ള നിയമനടപടികളാണ് ചാന്‍സലറെന്ന നിലയില്‍ മരവിപ്പിക്കുന്നതെന്ന് ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള ഉത്തരവില്‍ പറയുന്നത്. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ തുടര്‍നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.