ന്യൂഡെല്‍ഹി: കൃത്യതയില്ലാത്ത വിവരങ്ങള്‍ നല്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പതഞ്ജലി മേധാവി ബാബാ രാംദേവിനോട് ഡല്‍ഹി ഹൈക്കോടതി. കൊറോണ മരണങ്ങളുമായി ബന്ധപ്പെട്ട് ആധുനിക ചികിത്സയ്ക്കെതിരെ രാംദേവ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
കൊറോണ മരണങ്ങള്‍ക്ക് കാരണം അലോപ്പതി മരുന്നുകളാണെന്നും പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ എന്ന ഉല്‍പ്പന്നം രോഗത്തിനെതിരെ ഫലപ്രദമാണെന്നും രാംദേവ് പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി, ഡോക്ടര്‍മാരുടെ വിവിധ സംഘടനകളാണ് ഹര്‍ജി നല്‍കിയത്. വാക്സിനുകള്‍ ഫലപ്രദമല്ലെന്നു പ്രചരിപ്പിച്ച രാംദേവ് കൊറോണിലാണ് രോഗം മാറാന്‍ നല്ലതെന്ന് അടുത്തിടെയും പരാമര്‍ശം നടത്തിയതായി ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് അഖില്‍ സിബല്‍ പറഞ്ഞു.
പതഞ്ജലിയുടെ കൊറോണിലിനുള്ള ലൈസന്‍സില്‍ കോറോണയ്ക്കെതിരെയുള്ള മരുന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. അത് പ്രതിരോധ ശക്തി വര്ദ്ധിപ്പിക്കാനുള്ളതു മാത്രമാണെന്ന് അഭിഭാഷകന് പറഞ്ഞു.
താങ്കള്‍ക്ക് അനേകം അനുയായികള്‍ ഉണ്ടെന്നുള്ളതൊക്കെ ശരി തന്നെ. എന്നാല്‍ ഔദ്യോഗികമല്ലാത്ത കാര്യങ്ങള്‍ കൂടുതല്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് കോടതി പറഞ്ഞു. ആയുര്‍വേദം പ്രാചീന ചികിത്സാസമ്പ്രദായമാണെന്നും അതിന്റെ അന്തസ്സ് നിലനിര്‍ത്തേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.