ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദുമഹാസഭ നടത്തിയ സ്വാതന്ത്ര്യദിന റാലി വിവാദത്തില്‍

ലക്‌നൗ: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രവുമായി സ്വാതന്ത്ര്യദിന റാലി നടത്തി ഹിന്ദു മഹാസഭ. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് റാലി സംഘടിപ്പിക്കപ്പെട്ടത്. റാലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഹിന്ദുമഹാസഭ ജില്ലയില്‍ തിരംഹയാത്ര സംഘടിപ്പിച്ചത്. ഹിന്ദുമഹാസഭയുടെ ജില്ലയിലെ പ്രധാന നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. റാലിയില്‍ വിവിധ വിപ്ലവകാരികളുടെ ചിത്രങ്ങളും സ്ഥാപിച്ചിരുന്നു. അതില്‍ ഒരാളായി ഗോഡ്‌സെയുടെ ചിത്രവും ഉണ്ടായിരുന്നുവെന്ന് ഹിന്ദുമഹാസഭാ നേതാവ് യോഗേന്ദ്ര വര്‍മ്മ പറഞ്ഞു.

‘ഗാന്ധിജി പിന്തുടര്‍ന്ന നയത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വധിക്കാന്‍ ഗോഡ്‌സെ നിര്‍ബന്ധിതനായത്. ഗോഡ്‌സെ കോടതിയില്‍ പറഞ്ഞ കാര്യം സര്‍ക്കാര്‍ പുറത്തുവിടണം. എന്തിനാണ് ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന കാര്യം ജനങ്ങള്‍ അറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഗാന്ധിയുടെ പല നയങ്ങളും ഹിന്ദുവിരുദ്ധമായിരുന്നു. വിഭജനകാലത്ത് 30 ലക്ഷം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. അതിനുകാരണം ഗാന്ധിയാണ്. അദ്ദേഹം മറ്റുള്ളവര്‍ക്ക് പ്രചോദനമെന്നതുപോലെ ഗോഡ്‌സെ ഞങ്ങള്‍ക്കും പ്രചോദനമാണ്.’ യോഗേന്ദ്ര വര്‍മ്മ പറഞ്ഞു.