തിരുവനന്തപുരം: വരുമാനം കൊണ്ട് മാത്രം കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം കൊടുക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇന്നും നാളെയുമായി ശമ്പളം കൊടുത്തുതീര്‍ക്കും. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന് നേതാക്കളുമായി വരുന്ന 17-ന് ചര്‍ച്ച നടത്തുമെന്നും ആന്റണി രാജു കോഴിക്കോട് പറഞ്ഞു.
കെ.എസ്.ആര്.ടി.സിയുടെ വരുമാനം കൊണ്ട് മാത്രം ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്ക്കും അറിയാം. കഴിഞ്ഞ മാസം 30 കോടി രൂപ ധനസഹായമായി ലഭിച്ചു. കഴിഞ്ഞയാഴ്ച കെ.എസ്.ആര്.ടി.സിയ്ക്ക് 20 കോടി രൂപ കൂടി നല്കാന് ധനവകുപ്പ് ഉത്തരവായിട്ടുണ്ട്. ക്ലിയറന്‍സ് എല്ലാം പൂര്‍ത്തിയാക്കി ഇന്നു നാളെയുമായി അവശേഷിക്കുന്നവര്‍ക്ക് ശമ്പളം നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അതിനിടെ, ഹൈക്കോടതിയുടെ കോടതിയലക്ഷ്യ മുന്നറിയിപ്പിനിടെ, ശമ്പളം നല്കാന് സര്‍ക്കാരില്‍നിന്ന് കെ.എസ്.ആര്.ടി.സി 103 കോടി രൂപ തേടി. പത്താം തീയതിയ്ക്ക് മുമ്പായി ശമ്പളം നല്‍കണമെന്ന ഉത്തരവ് പാലിക്കാത്ത പശ്ചാത്തലത്തില്‍ സി.എം.ഡിയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം 41, 000 പെന്‍ഷന്‍കാര്‍ക്ക് ജൂലൈ മാസത്തെ പെന്ഷന് ഇനിയും വിതരണം ചെയ്തിട്ടില്ല.
50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനും 50 കോടി നിലവിലെ ഓവര്‍ ഡ്രാഫ്റ്റ് അടച്ചുതീര്‍ക്കാനും മൂന്നു കോടി ഓവര്‍ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനും ആവശ്യമാണ്. ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.ആര്.ടി.സി ധനവകുപ്പിനെ സമീപിച്ചത്. ഡീസല്‍ വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീര്‍ക്കാന്‍ കഴിഞ്ഞയാഴ്ച ധനവകുപ്പ് അനുവദിച്ച 20 കോടി രൂപ ഇന്നാണ് അക്കൗണ്ടിലെത്തിയത്.
ഇതിനിടെ, 41,000 പെന്‍ഷന്‍കാര്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പെന്ഷന് ഇനിയും ലഭിച്ചിട്ടില്ല. സഹകരണ സംഘങ്ങള്‍ വഴി അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള പെന്ഷന് വിതരണത്തിന് ധന, ഗതാഗത, സഹകരണ വകുപ്പുകള്‍ ധാരണാപത്രം ഒപ്പുവെച്ചെങ്കിലും പലിശയുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.