കന്നുകാലിക്കടത്ത് കേസ്; മംമ്ത ബാനര്‍ജിയുടെ അടുത്ത അനുയായിയെ സിബിഐ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മംമ്ത ബാനര്‍ജിയുടെ അടുത്ത അനുയായിയെ കന്നുകാലിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത് സിബിഐ. കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ബം ജില്ലാ അധ്യക്ഷനും പാര്‍ട്ടിയില്‍ ബാഹുബലി എന്നും അറിയപ്പെടുന്ന അനുബ്രത മൊണ്ഡാലിനെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്.

ബോല്‍പൂരിലെ വീട്ടില്‍ നിന്നാണ് സിബിഐ അനുബ്രതയെ അറസ്റ്റ് ചെയ്തത്. വീടുവളഞ്ഞ സിബിഐ സംഘം എല്ലാ വാതിലുകളും പുറമേ നിന്ന് പൂട്ടുകയായിരുന്നു. പിന്നീട് വീട്ടിലെ എല്ലാവരുടെയും ഫോണുകള്‍ വാങ്ങിവെക്കുകയും ചെയ്തു. അന്വേഷണവുമായി സഹകരിക്കാത്തതിന്റെ പേരിലാണ് അറസ്റ്റ് എന്ന് സിബിഐ സംഘം വ്യക്തമാക്കി.

2020-ലാണ് സിബിഐ കേസ് ഏറ്റെടുത്തത്. പത്തു തവണ സിബിഐ സമന്‍സ് അയച്ചിട്ടും അനുബ്രത ഹാജരായില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തേക്ക് കന്നുകാലികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസിലാണ് നേതാവിന്റെ അറസ്റ്റ്.