ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; ഡോക്ടര്‍മാരോ മരുന്നോ ഇല്ല, മറുപടിയില്ലാത്ത സൂപ്രണ്ടിന് സ്ഥലംമാറ്റം

തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ മിന്നല്‍ സന്ദര്‍ശനം. ആശുപത്രി നടത്തിപ്പില്‍ വീഴ്ചകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ സൂപ്രണ്ട് ഡോ. അജയമോഹനെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് മന്ത്രി അപ്രതീക്ഷിതമായി ആശുപത്രി സന്ദര്‍ശിക്കാനെത്തിയത്.

മന്ത്രി എത്തുമ്പോള്‍ ആശുപത്രിയില്‍ രോഗികള്‍ നിരയായി നില്‍ക്കുന്നുണ്ടായിരുന്നു. രണ്ട് ഒപികള്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. രജിസ്റ്ററില്‍ ഒപ്പുവെച്ചിരുന്ന ഡോക്ടര്‍മാരും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ആവശ്യമായ മരുന്നുകള്‍ ആശുപത്രിയില്‍ ഇല്ലെന്ന് പല രോഗികളും മന്ത്രിയെ അറിയിച്ചു.

പിന്നാലെ ആശുപത്രി സൂപ്രണ്ടിനോട് ക്ഷുഭിതയായി കാര്യം തിരക്കിയ മന്ത്രി തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് സൂപ്രണ്ടിനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവ് പുറത്തിറക്കുകയായിരുന്നു. രോഗികള്‍ക്ക് വേണ്ടിയുള്ള ബ്ലഡ് ബാങ്ക് ഉള്‍പ്പെടെയുള്ളവ ശരിയായി പ്രവര്‍ത്തിക്കാത്തതില്‍ മന്ത്രി അതൃപ്തി അറിയിച്ചു. ജീവനക്കാര്‍ കുറവാണെങ്കില്‍ താത്കാലിക ജീവനക്കാരെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി തിരക്കി.