കളമശേരി ബസ് കത്തിക്കൽ; തടിയൻ്റവിട നസീറിനും പെരുമ്പാവൂർ സാബിർ ബുഹാരിക്കും 7 വർഷം വീതം കഠിന തടവും പിഴയും

കൊച്ചി∙ കളമശേരി ബസ് കത്തിക്കൽ കേസിലെ മൂന്നു പ്രതികൾക്കു വിചാരണക്കോടതി ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി കണ്ണൂർ സ്വദേശി തടിയന്റവിട നസീർ, അഞ്ചാം പ്രതി പെരുമ്പാവൂർ സാബിർ ബുഹാരി എന്നീ പ്രതികൾക്ക് 7 വർഷം വീതം കഠിന തടവും പിഴയും ഏഴാം പ്രതി പറവൂർ സ്വദേശി താജുദീന് ആറു വർഷം കഠിന തടവും പിഴയുമാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികൾ പരമാവധി അനുഭവിക്കേണ്ട ശിക്ഷാ കാലാവധിയാണ് ഇത്. ഏഴു വർഷം തടവു ലഭിച്ച പ്രതികൾ 1,75,000 രൂപ വീതം പിഴ അടയ്ക്കണം. താജുദീൻ 1,10,000 രൂപ പിഴ അടയ്ക്കണമെന്നാണ് കോടതി വിധി.

ഇന്നു ശിക്ഷ ലഭിച്ച മൂന്നു പ്രതികളും കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. ഇതോടെയാണു വിചാരണ പൂർത്തിയാക്കാതെ മൂന്നു പേർക്കു കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. നേരത്തെ കുറ്റ സമ്മതം നടത്തിയ മറ്റൊരു പ്രതി പറവൂർ സ്വദേശി കെ.എ. അനൂപിനു കോടതി ആറു വർഷം കഠിന തടവു ശിക്ഷ വിധിച്ചിരുന്നു. കുറ്റം സമ്മതിച്ചവരുടെ ശിക്ഷയാണു കൊച്ചി എൻഐഎ കോടതി പ്രഖ്യാപിച്ചത്. മഅദനിയുടെ ഭാര്യ സൂഫിയ ഉൾപ്പെടെ മറ്റ് പത്ത് പ്രതികളുടെ വിചാരണ പൂർത്തിയായിട്ടില്ല.

പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് 2005 സെപ്റ്റംബർ ഒമ്പതിനാണ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു സേലത്തേയ്ക്കു പോകുകയായിരുന്ന തമിഴ്നാടിന്റെ ബസ് പ്രതികൾ തോക്കു ചൂണ്ടിക്കാട്ടി യാത്രക്കാരെ ഇറക്കിവിട്ടശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. കോയമ്പത്തൂർ സ്ഫോടനക്കേസിൽ അറസ്റ്റിലായി മഅദനി ഈ സമയം ജയിലിലായിരുന്നു. പ്രതി ഉപയോഗിച്ച തോക്ക് അന്വേഷണ സംഘത്തിനു കണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

കേസിൽ ആകെ 14 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാളായ പരപ്പനങ്ങാടി സ്വദേശി അബ്ദുൽ റഹീം, കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തു വിചാരണ നടത്തിയത്. 2010ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ 2019 ലാണ് ആരംഭിച്ചത്. മരിച്ച പ്രതിയെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. മഅദനിയുടെ ഭാര്യ സൂഫിയ മഅദനി കേസിൽ പത്താം പ്രതിയാണ്. ഇവരുൾപ്പെടെ ബസ് യാത്രക്കാരായ 31 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയൽ കാണാതായതു ചർച്ചയായിരുന്നു.