ഓൺലൈനായും വിവാഹം കഴിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാഹം മനുഷ്യന്റെ മൗലികാവകാശമാണെന്നും ഓൺലൈനായും വിവാഹം കഴിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം കക്ഷികൾ തിരഞ്ഞെടുക്കുന്ന ഏതു രൂപത്തിലും വിവാഹം നടത്താമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കുക ആയിരുന്നു. ഇന്ത്യൻ വംശജനായ യുഎസ് പൗരൻ എൽ.രാഹുൽ മധുവിന്റെയും കന്യാകുമാരി സ്വദേശിനി പി.എൻ. വാസ്മി സുദർശനിയുടെയും വിവാഹം ഓൺലൈനിൽ നടത്താൻ അനുമതി നൽകിയാണ് ജസ്റ്റിസ് ജി.ആർ.സ്വാമിനാഥന്റെ നിരീക്ഷണം.

മൂന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ വിവാഹം നടത്താനും ഇരുവർക്കും വേണ്ടി വിവാഹ സർട്ടിഫിക്കറ്റ് വാസ്മിക്ക് കൈപ്പറ്റാമെന്നും കോടതി നിർദേശിച്ചു. സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചി സബ് രജിസ്റ്റ്രാർക്ക് രാഹുൽ വിവാഹ രജിസ്‌ട്രേഷന് അപേക്ഷ സമർപ്പിച്ചിരുന്നു.

പിതാവും മറ്റൊരാളും എതിർപ്പറിയിച്ചതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പത്തിൽ വിവാഹം നടത്താൻ കഴിയാതെ രാഹുൽ യുഎസിലേക്ക് മടങ്ങി. തുടർന്നാണ് വാസ്മി ഹൈക്കോടതിയെ സമീപിച്ചത്.