വാഷിംഗ്ടൺ: മെക്സിക്കന്‍ അതിര്‍ത്തിയായ ടിജ്വാനയില്‍ നിന്ന് യുഎസിലേക്കു ലഹരിക്കടത്തിനായി നിര്‍മിച്ച വലിയ തുരങ്കം കണ്ടെത്തി. 243 മീറ്റര്‍ നീളത്തില്‍ റെയിലുകളും ലൈറ്റും വായുസഞ്ചാരമാര്‍ഗങ്ങളും അടങ്ങുന്ന വന്‍ നിര്‍മിതിയാണു തുരങ്കം.
മെക്സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് യുഎസിലേക്ക് വന്‍ തോതില്‍ ലഹരികടത്തുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് മെക്സിക്കോയിലെ പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയത്. അതിര്‍ത്തികളിലെ പരിശോധനയ്ക്കിടയിലാണു വന്‍ തുരങ്കം കണ്ടെത്തിയത്.
അതിര്‍ത്തി പ്രദേശമായ ടിജ്വാനയില്‍ ആരുടേയും കണ്ണില്‍പ്പെടാതെ പണിത തുരങ്കം ലഹരിക്കടത്തിന്റെ പ്രധാന അന്തര്‍പാതയായിരുന്നു. പുറത്തേക്കു കാണാനാകാത്ത വിധം ഒരു വീടിനടിയിലാണു തുരങ്കത്തിന്റെ തുടക്കം. തുരങ്കപാത അവസാനിക്കുന്നത് കലിഫോര്‍ണിയയിലാണ്.
അതിനൂതനമായ റെയിലുകളും വെളിച്ചസംവിധാനവും തുരങ്കത്തിലുണ്ട്. ആറ് നിലതാഴ്ചയിലാണു തുരങ്കം. വായുസഞ്ചാരമാര്‍ഗങ്ങളും കൃത്യമായി നിര്‍മിച്ചിട്ടുണ്ട്. ഭൂപ്രകൃതി ഏറെ അനുയോജ്യമായ മെക്സിക്കോയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി വഴി വന്‍ തോതിലാണ് ലഹരിക്കടത്ത്. ഇതേയിടത്ത് ഒരു മാസത്തിനുള്ളില്‍ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കപാതയാണിത്.
3200 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന മെക്സിക്കന്‍ റോഡ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതോടെയാണ് തുരങ്കപാതാ നിര്‍മാണത്തിലേക്ക് ലഹരി സംഘങ്ങള്‍ റൂട്ട് മാറ്റിയത്. കൊക്കെയ്ന്‍ ആണ് പ്രധാനമായും കടത്തുന്നത്. ഒാരോ വര്‍ഷവും മെക്സിക്കോയുടെ അതിര്‍ത്തി തുരന്നുകൊണ്ട് ഡസന്‍ക്കണക്കിന് തുരങ്കങ്ങളാണ് അമേരിക്കയിലേക്കു മാത്രം നിര്‍മിക്കപ്പെടുന്നത്.