വാഷിങ്ടണ്‍: ടെസ്ല സിഇഒ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ വമ്പന്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നു. അതിന്റെ ആദ്യപടിയായി ട്വിറ്ററിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.
പിരിച്ചുവിടുന്ന ജീവനക്കാരെ വെള്ളിയാഴ്ചയോടെ വിവരം ധരിപ്പിക്കുമെന്നാണ് വിവരം. നിലവില്‍ ട്വിറ്ററിന്റെ വിവിധ രാജ്യങ്ങളിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്നവരോട് മടങ്ങിയെത്താന്‍ മസ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ നാലിനാണ് 44 ബില്യണ്‍ ഡോളര്‍ നല്കി ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മസ്ക് തുടക്കം കുറിച്ചത്. ഇടയ്ക്ക്വെച്ച് ഇതില്‍ താല്പര്യമില്ലെന്നും മസ്ക് അറിയിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റര്‍ ഉടമകള്‍ കോടതിയില്‍ കേസ് നല്‍കിയതിന് പിന്നാലെ ഇടപാട് പൂര്‍ത്തിയാക്കുമെന്ന് മസ്ക് അറിയിക്കുകയായിരുന്നു. ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന നിരവധി ജീവനക്കാരെ പുറത്താക്കിയിരുന്നു.